Breaking

Saturday, 10 January 2026

കെഎസ്‌ആർടിസി ബസില്‍ വച്ച്‌ അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ശബരിമല തീർത്ഥാടകന് രക്ഷകരായെത്തിയായത് ബസിലെ ജീവനക്കാർ.


തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കുമളി സൂപ്പർ ഫാസ്റ്റ് സ്വിഫ്റ്റ് ബസിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനാലാണ് ശബരിമല തീർത്ഥാടകന് ജീവൻ തിരിച്ചുകിട്ടിയത്. ബസില്‍ കുഴഞ്ഞുവീണ ശബരിമല തീർഥാടകനെ അതേ ബസില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു കെഎസ്‌ആർടിസി ബസിലെ ജീവനക്കാർ. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കുമളി സൂപ്പർ ഫാസ്റ്റ് സ്വിഫ്റ്റ് ബസിലായിരുന്നു സംഭവം.


അഞ്ചലില്‍ നിന്നുമാണ് 4 ശബരിമല തീർത്ഥാടകർ ഈ ബസില്‍ കയറിയത്. ഇവർ വണ്ടിപ്പെരിയാറിലേക്കായിരുന്നു ടിക്കറ്റ് എടുത്തത്. യാത്രാമധ്യേ തീർത്ഥാടകരില്‍ ഒരാള്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പ്രവീണ്‍ (23) എന്ന തീർഥാടകനാണ് അസ്വസ്ഥതകളുണ്ടായത്. ബസ് കുരുവിക്കോണം ഭാഗത്ത് എത്തിയ സമയം യുവാവ് അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. തുടർന്ന് ബസിന്റെ ഡോറിന്റെ ഭാഗത്തേക്ക് കുഴഞ്ഞു വീഴുകയും ചെയ്തു. ആംബുലസ് എത്താൻ കാത്തുനില്‍ക്കാതെ കണ്ടക്ടർ രാഹുലും ഡ്രെവർ അനുരാജും ചേർന്ന് 10 കിലോമീറ്റർ അകലെയുള്ള പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് രോഗിയുമായി ബസ് പായുകയായിരുന്നു.


ബസിലുണ്ടായിരുന്ന മാറ്റ് യാത്രക്കാരും മറ്റ് ബുദ്ധിമുട്ടുകളൊന്നും അറിയിക്കാതെ ഡ്രൈവർക്കും കണ്ടക്ടർക്കും ഒപ്പം നിന്നു. പ്രാഥമിക ശുശ്രൂഷകള്‍ ബസില്‍ വെച്ചുതന്നെ തീർത്ഥാടകന് നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിയ ശേഷം പ്രവീണ്‍ അപകട നില തരണം ചെയ്തുവെന്ന് ഉറപ്പാക്കിയ ശേഷമാണ് അവർ സർവീസ് പുനരാരംഭിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് അച്ചൻകോവില്‍ പാതയില്‍ ബസില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രോഗിയെ വഴിയിലിറക്കുകയും ചികിത്സ ലഭിക്കാതെ റോഡരികില്‍ യാത്രക്കാരൻ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ കെഎസ്‌ആർടിസി ജീവനക്കാർക്കെതിരെ വലിയ ആക്ഷേപമാണുയർന്നത്. ഒടുവില്‍ മരിച്ച രോഗിയുടെ വീട്ടുകാർ സംഭവത്തില്‍ കെഎസ്‌ആർടിസിക്കെതിരെ പരാതിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

No comments:

Post a Comment