തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് രണ്ട് പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ടി. നവ്യ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. രണ്ട് പേരും ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം.
എകെജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ ജിതിനെ സഹായിച്ചത് നവ്യയാണെന്നാണ് കണ്ടെത്തൽ. നേരത്തെ, സംഭവത്തിൽ രണ്ട് പേരുടെ പങ്കുകൂടി കൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രാദേശിക നേതാവ് സ്കൂട്ടർ എത്തിക്കുന്നതിൽ സഹായിച്ചു എന്നും ഗൂഢാലോചയിൽ മറ്റൊരാൾക്ക് പങ്കുണ്ടെന്നുമാണ് കണ്ടെത്തിയത്. ഇരുവർക്കും നേരിട്ട് കുറ്റകൃത്യത്തിൽ പങ്കുങ്കെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ആറ്റിപ്രയിലെ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവായ ടി. നവ്യയാണ് സംഭവ ദിവസം ജിതിൻ ഉപയോഗിച്ച സ്കൂട്ടർ എത്തിച്ച് നൽകിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കുന്നുകഴി ഭാഗത്തേക്ക് ജിതിൻ കാറിലെത്തിയപ്പോൾ, നവ്യ സ്കൂട്ടർ എത്തിച്ച് നൽകുകയായിരുന്നു. കാറിൽ നവ്യയെ ഇരുത്തിയ ശേഷം ജിതിൻ സ്കൂട്ടറുമായി പോയി ആക്രണം നടത്തി തിരികെയെത്തി. അതിന് ശേഷം ഇരുവരും മടങ്ങുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
കൃത്യം നിർവഹിക്കാൻ ജിതിന് നിർദേശം നൽകിയത് സുഹൈൽ ഷാജഹാനാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇയാൾക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അടക്കമുള്ളവരുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇവർ രണ്ട് പേരും ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നു. ഇവർക്ക് വേണ്ടി കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

No comments:
Post a Comment