കൊട്ടാരക്കര: ഒരു കോടി രൂപയിലധികം കുന്നിക്കോട് സ്വദേശിയായ പ്രവാസിയിൽ നിന്നും ഓൺലൈൻ വഴി തട്ടിയെടുത്ത പ്രധാന പ്രതികളിൽ ഒരാളെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് ത്രിപുരയിൽ നിന്നും പിടികൂടി. ത്രിപുര സ്വദേശി ആയ ഗവർണർ റിയാങ്ങിനെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എലിയാസ് പി. ജോർജ്, സബ് ഇൻസ്‌പെക്ടർ സരിൻ എ.എസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബിനു സി.എസ്, സിവിൽ പോലീസ് ഓഫീസർ സജിത്ത് ജി.കെ എന്നിവർ ചേർന്ന് പിടി കൂടിയത്.
സോഷ്യൽ മീഡിയയിലൂടെ സോഷ്യൽ എഞ്ചിനീയറിംഗ് മുഖേന ഇറ്റാലിയൻ സ്വദേശിനി ആണെന്നും, ഇന്ത്യയിൽ എത്തുമ്പോൾ നേരിട്ട് കാണാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് സുഹൃദ് ബന്ധം സ്ഥാപിച്ച്, ബിസിനസ്സിൽ പങ്കാളി ആക്കാമെന്നും, വിദേശത്ത് നിന്നും ഗിഫ്റ്റ് വന്നിട്ടുണ്ടെന്നും ഗിഫ്റ്റ് ലഭിക്കുന്നതിനായി കസ്റ്റംസ് ക്ലിയറൻസ് ഫീ, ഇൻകം ടാക്സ് തുടങ്ങിയവ അടയ്ക്കണം എന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. സോഷ്യൽ എഞ്ചിനീറിങ്ങിലൂടെ തട്ടിപ്പിനു വിധേയനായ വിവരം മനസിലാക്കാതെ തട്ടിപ്പുകാർ നൽകിയ വിവിധ 14 ൽ പരം അന്യസംസ്ഥാന ബാങ്ക് അക്കൗണ്ടുകളിലേക്ക് 3 മാസം കൊണ്ട് പരാതിക്കാരൻ കൊല്ലം ജില്ലയിലെ തന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 44 തവണയായി ഒരു കോടി ആറു ലക്ഷത്തിൽ പരം രൂപ സ്വമേധയാ അയച്ചു കൊടുക്കുകയായിരുന്നു.
മെസെഞ്ചർ അപ്ലിക്കേഷൻ വഴി വീഡിയോ കാൾ ചെയ്തായിരുന്നു തട്ടിപ്പു സംഘം പരാതിക്കാരനുമായി സുഹൃദ്ബന്ധം സ്ഥാപിച്ചത്. ഒരു സമയത്തും തട്ടിപ്പുകാർ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ക്യാമറ മറച്ചായിരുന്നു ആശയ വിനിമയം നടത്തിയിരുന്നത്. ക്യാമറ തകരാർ കാരണം ആണ് വിഡിയോയിൽ വരാത്തതെന്നും തട്ടിപ്പുകാർ പരാതിക്കാരനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഒടുവിൽ തട്ടിപ്പുകാരിൽ നിന്നും പ്രതികരണം ലഭിക്കാതെ വന്നപ്പോൾ ആണ് വഞ്ചിക്കപ്പെട്ട വിവരം പരാതിക്കാരന് ബോധ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ കൊല്ലം റൂറൽ പോലീസിനെ സമീപിക്കുകയും കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി രവിയുടെ നിർദ്ദേശ പ്രകാരം കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അസം, ത്രിപുര, നാഗാലാൻഡ്,ഡെൽഹി, തെലുങ്കാന, ഉത്തർപ്രദേശ്, ജാർഖണ്ഡ് മുതലായ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിവിധ തട്ടിപ്പു സംഘങ്ങൾ ഒരുമിച്ച് ചേർന്ന് നടത്തിയ തട്ടിപ്പാണിത് എന്ന് വ്യകതമായത്.
സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് സോഷ്യൽ എഞ്ചിനീയറിംഗ് വഴി തട്ടിപ്പു നടത്തുന്നവർ, കൃത്രിമമായി രേഖകൾ ഉണ്ടാക്കി സിം കാർഡ് നൽകുന്നവർ, പണം സ്വീകരിക്കാൻ അക്കൗണ്ട് തുടങ്ങുന്നവർ എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ള തട്ടിപ്പുകാർ ഏകോപിപ്പിച്ചായിരുന്നു ഇത്രയും വലിയ ഓൺലൈൻ തട്ടിപ്പു നടത്തിയത്. വ്യക്തമായ വിശകനത്തിലൂടെ, ഏറ്റവും കൂടുതൽ തുക നേരിട്ടും മറ്റ് തട്ടിപ്പുകാരിലൂടെയും എത്തി ചേർന്ന ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘം പ്രധാന പ്രതിയിലേക്കു എത്തി ചേർന്നത്.
അസ്സമിലെ സിൽച്ചാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, വ്യാജ രേഖകൾ കൊടുത്തു കരസ്ഥമാക്കിയ സിം കാർഡുകൾ ആണ് ഈ തട്ടിപ്പിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിട്ടുള്ളതെന്നു വ്യക്തമാവുകയും, തുടർന്ന് പ്രതിയെ തേടി അന്വേഷണ സംഘം ത്രിപുരയിലെ ടൂയിസാമ എന്ന സ്ഥലത്തെ പ്രതിയുടെ വീട്ടിൽ എത്തിയ വിവരം പ്രതിയായ ഗവർണർ റിയാങ്ങ് തിരിച്ചറിയുകയും അവിടെ നിന്നും അതിവിദഗ്ധമായി മുങ്ങുകയും ചെയ്തു. തുടർന്ന് പ്രതിയെ അന്വേഷണ സംഘം സാഹസികമായി പിന്തുടർന്നു ഡാംചേര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ചർച്ചിന്റെ പഠന ക്ലാസ്സിൽ നിന്നും പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ നിയമാനുസരണം അറസ്റ്റ് ചെയ്തു കാഞ്ചൻപൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്നു മുൻപിൽ ഹാജരാക്കുകയായിരുന്നു. ട്രാൻസിറ്റ് റിമാൻഡ് അപേക്ഷ പ്രകാരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 7 ദിവസത്തെ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചതിനെ തുടർന്ന് അസം, ത്രിപുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തി പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ചൊവ്വാഴ്ച ഹാജരാക്കും.
പ്രതിയെ കോടതിയിൽ ഹാജരാക്കി വാഹനത്തിൽ കയറ്റുമ്പോൾ തടസം ഉണ്ടാക്കാൻ ഒരു വിഭാഗം ആളുകൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 28 ലക്ഷത്തിൽ പരം രൂപയാണ് പ്രതിയുടെ അക്കൗണ്ടിലേക്കു പരാതിക്കാരൻ അയച്ചു നൽകിയത്. പ്രതി കേരളത്തിൽ കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലും ,ഹൈദരാബാദിൽ മാധപുർ ഹൈ ടെക് സിറ്റിയിലും ജോലി ചെയ്തിട്ടുണ്ട്. ഇനിയും ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപെട്ടിട്ടുണ്ടെങ്കിൽ അവരെ കൂടെ പിടി കൂടാനായി അന്വേഷണ സംഘം ആസ്സമിൽ തുടരുകയാണ്.
കൊല്ലം റൂറൽ ഡി.സി.ആർ.ബി ഡി.വൈ.എസ്.പി റെജി എബ്രഹാം പി യുടെ നേതൃത്വത്തിൽ നടത്തുന്ന ഈ കേസിന്റെ അന്വേഷണ സംഘത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എലിയാസ് പി. ജോർജ്, സബ് ഇൻസ്‌പെക്ടർ മാരായ സരിൻ എ.എസ്, പ്രസന്ന കുമാർ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബിനു സി.എസ്, സിവിൽ പോലീസ് ഓഫീസർ മാരായ മഹേഷ് മോഹൻ, സജിത്ത് ജി.കെ, രജിത്ത് ബാലകൃഷ്‌ണൻ എന്നിവരാണ് ഉള്ളത്. ഈ കേസിൽ നാഗാലാൻഡ് കൊഹിമാ സ്വദേശിയെമറ്റൊരു പ്രതിയെ ഈ വർഷം ഏപ്രിൽ മാസത്തിൽ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു .
No comments:
Post a Comment