Breaking

Monday, 24 October 2022

ഷാൾ ചക്രത്തിൽ കുരുങ്ങി വീട്ടമ്മ മരിച്ചു.


അടിമാലി∙ ആരാധനാലയത്തിൽ നിന്ന് മകനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ചക്രത്തിൽ കുരുങ്ങി മരിച്ചു. ചിത്തിരപുരം മീൻകെട്ട് മാളിയേക്കൽ ദേവസ്യയുടെ ഭാര്യ മെറ്റിൽഡ (45) ആണ് മരിച്ചത്. ചിത്തിരപുരം ഗവ. ഹൈസ്കൂളിൽ പാചക ജീവനക്കാരിയായിരുന്നു.


ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് അപകടം. ചിത്തിരപുരം നിത്യസഹായ മാത പള്ളിയിൽ പ്രാർഥനയ്ക്കു ശേഷം തിരികെ മകൻ ഡെന്നീസിനൊപ്പം വീട്ടിലേക്കു മടങ്ങുമ്പോൾ മീൻ കെട്ടിന് സമീപമാണ് അപകടം ഉണ്ടായത്. കഴുത്തിലെ ഷാളിനൊപ്പം മുടി ഉൾപ്പെടെ തലയുടെ ഭാഗവും നിമിഷങ്ങൾക്കുള്ളിൽ പിൻഭാഗത്തെ ചക്രത്തിൽ കുരുങ്ങി മുറുകുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ 10 മിനിട്ടോളം നടത്തിയ കഠിന പ്രയത്നത്തിലൂടെയാണ് വീട്ടമ്മയെ ചക്രത്തിൽ നിന്ന് വേർപെടുത്തിയത്. 


ഉടൻതന്നെ മെറ്റിൽഡയെ ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുവരും വഴി മരണപ്പെട്ടു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വെള്ളത്തൂവൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു. മക്കൾ. ഡെന്നീസ്, ഡാനിസ്

No comments:

Post a Comment