Breaking

Tuesday, 28 August 2018

കൈത്താങ്ങായി എൻ‌ഡിടിവി; ആറ്‌ മണിക്കൂർ ലൈവ് ഷോ, കേരളത്തിനായി സമാഹരിച്ചത് 10 കോടി


പ്രളയക്കെടുതിയിൽ കൈപിടിച്ചുയരുന്ന കേരളത്തിന് ഒരു കൈത്താങ്ങായി മാധ്യമലോകവും. ഇന്ത്യ ഫോര്‍ കേരള എന്ന ഹാഷ് ടാഗില്‍ ഇംഗ്ലീഷ് വാർത്താ ചാനലായ എന്‍ഡിടിവിയാണ് ആറു മണിക്കൂര്‍ നീണ്ടുനിന്ന പ്രത്യേക ലൈവ് ബുള്ളറ്റിനിലൂടെ കേരളത്തിനായി പത്ത് കോടിയിലധികം സ്വരൂപിച്ചത്. ടെലിത്തോണ്‍ എന്ന പേരിലായിരുന്നു ബുള്ളറ്റിൻ.
 
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയന്‍, അഭിഷേക് ബച്ചന്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് ചാനല്‍ പരിപാടി സംപ്രേഷണം ചെയ്തത്.‘കേരളത്തിനൊപ്പം’ എന്ന സന്ദേശം പങ്കുവെച്ചുകൊണ്ടായിരുന്നു ചാനൽ പരിപാടി സംഘടിപ്പിച്ചത്. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൈത്താങ്ങായിമാറുന്നതായിരുന്നു ഇന്ത്യ ഫോര്‍ കേരള എന്ന ഷോ.
 
സന്നദ്ധ സംഘടനയായ 'പ്ലാന്‍ ഇന്ത്യ'യുമായി ചേര്‍ന്നാണ് എന്‍ഡിടിവി ധനസമാഹരണം നടത്തുന്നത്. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ രാത്രി ഒൻപത് വരെ ആറുമണിക്കൂർ ആയിരുന്നു പ്രോഗ്രാം. അതുവരെ ചാനൽ സമാഹരിച്ചത് 10.2 കോടി രൂപയായിരുന്നു.

No comments:

Post a Comment