ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ പ്രത്യാക്രമണം. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യത്തിന്റെ സംയുക്ത ആക്രമണത്തിൽ തകർത്തത്. കര- വ്യോമ-നാവികസേനകൾ സംയുക്തമായി നടത്തിയ പ്രത്യാക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇന്നു പുലർച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് സംയുക്ത സൈനിക ആക്രമണം നടത്തിയത്.
ബഹവൽപൂർ, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂർ, മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്. അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ സൈനിക ആക്രമണങ്ങൾ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങൾ നടന്നതായി പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്.
നീതി നടപ്പാക്കിയെന്നും കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തിൽ സൈന്യം പ്രതികരിച്ചു. ‘കൃത്യമായ രീതിയിൽ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ ഇന്ത്യൻ സൈന്യം എക്സ് പോസ്റ്റിൽ വിശേഷിപ്പിച്ചത്. പാക് സൈനിക കേന്ദ്രങ്ങളെയല്ല, ഭീകര കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യമിട്ടതെന്നും കൃത്യമായി സംയമനം പാലിച്ചുള്ള നടപടിയാണ് ഇന്ത്യയിൽ നിന്നുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. അതേസമയം കശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിലെ ഭിംബർ ഗലിയിൽ പാക്സൈന്യം വെടിവെപ്പ് നടത്തിയതായി സൈന്യം അറിയിച്ചു.
‘ഭാരത് മാതാ കീ ജയ്’ എന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്സിൽ കുറിച്ചത്.ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് രാജ്യത്തുടനീളം ആസൂത്രണം ചെയ്ത മോക്ഡ്രില്ലിന് മണിക്കൂറുകൾക്ക് മുൻപാണ് തിരിച്ചടിയെന്നതും ശ്രദ്ധേയമാണ്. 1971ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രവലിയ മോക്ഡ്രിൽ സംഘടിപ്പിക്കപ്പെടുന്നത്.
ഇന്ത്യ-പാക് സംഘർഷം എത്രയും വേഗം അവസാനിപ്പിക്കട്ടെയെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചത്. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. സന്തോഷം തരുന്ന നടപടിയെന്ന് പഹൽഗാമിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകൾ ആരതി പറഞ്ഞു.
ശ്രീനഗർ കൂടാതെ ജമ്മു, ലേ, ധരംശാല, അമൃത്സർ വിമാനത്താവളങ്ങളും അടച്ചു. ഭീകരക്യാമ്പുകൾ തകർത്തത് സ്‌കാൽപ് മിസൈലുകൾ ഉപയോഗിച്ചാണ്. ലഷ്‌കർ-ഇ-തൊയ്‌ബെ, ജെയ്ഷ്-ഇ-മുഹമ്മദ് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടത്. ലക്ഷ്യമിട്ടത് ഭീകരരെ മാത്രമാണെന്നും സൈനിക കേന്ദ്രങ്ങളേയോ സാധാരണക്കാരെയോ ഇന്ത്യലക്ഷ്യമിട്ടിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്റെ പതിനാലാം ദിവസമാണ് ഇന്ത്യൻ തിരിച്ചടി.പഹൽഗാം ആക്രമണത്തിന് ശേഷം നിരവധി തന്ത്രപ്രധാന യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്നത്. ഓപ്പറേഷൻ സിന്ദൂറിന് മണിക്കൂറുകൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായും കൂടിക്കാഴ്ച നടത്തി. കൂടാതെ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങ്, കരസേന, നാവികസേന, വ്യോമസേന മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു
തിരിച്ചടിക്കുമെന്ന് ആദ്യം മുതലേ സൂചന നൽകിയ ഇന്ത്യ സിന്ധു-നദീജല കരാർ മരവിപ്പിക്കുന്നതടക്കം നിർണായക തീരുമാനങ്ങൾ പാകിസ്താനെതിരെ കൈകൊണ്ടു. പാക് പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കിയ ഇന്ത്യ അട്ടാരി അതിർത്തിയും അടച്ചു. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു
No comments:
Post a Comment