Breaking

Monday, 1 August 2022

കൗതുകമുണർത്തി കൊല്ലം സിറ്റി പോലീസിന്റെ മോക്ക് ഡ്രിൽ.


സാമുദായിക കലാപങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ എങ്ങനെ നേരിടണമെന്ന പരിശീലനം നൽകുന്നതിനായി കൊല്ലം സിറ്റി പോലീസ് നടത്തിയ മോക്ക് ഡ്രിൽ തീരദേശ വാസികളിൽ കൗതുകം ഉണർത്തി. 


കൊല്ലം മുണ്ടക്കൽ പാപനാശം ബീച്ചിൽ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സാമുദായിക സംഘർഷം പൊട്ടിപുറപ്പെട്ടതിന്റെ പ്രതീതി സൃഷ്ടിച്ചുകൊണ്ടായിരുന്നു മോക്ക് ഡ്രില്ലിന്റെ തുടക്കം. ഇരു മതവിഭാഗത്തിലേയും ആൾക്കാർ ചേരിതിരിഞ്ഞ് മാരകായുധങ്ങളുമായി പരസ്പരം ആക്രമിക്കുകയാണെന്നാണ് തീരദേശ വാസികളായ ജനങ്ങൾ കരുതിയത്. ഇവർ ഉടൻ തന്നെ വിവരം പോലീസ് കണ്ട്രോൾ റൂമിലും സമീപ പോലീസ് സ്റ്റേഷനുകളിലും അറിയിക്കുകയായിരുന്നു. 



 സിറ്റി പോലീസ് കണ്ട്രോൾ റൂമിൽ നിന്നും ജാഗ്രതാ സന്ദേശം ലഭിച്ചതോടെ സിറ്റി   സ്പെഷ്യൽ ബ്രാഞ്ച്   ഓഫീസിൽ നിന്നും വിവരം ജില്ലാ പോലീസ് മേധാവിയെ ഉടൻ തന്നെ അറിയിക്കുകയും ചെയ്യതു. ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് ന്റെ അടിയന്തര ഇടപെടൽ വയർലസ്സ് സന്ദേശത്തിയൂടെ എത്തിയതോടെ അക്രമത്തെ നേരിടാനും അമർച്ചചെയ്യാനുമുള്ള നിർദ്ദേശങ്ങൾ വയർലസ്സിലൂടെ പ്രവഹിക്കുകയായിരുന്നു. 




വയർലസ്സ് സന്ദേശം ലഭിച്ചയുടൻ കൺട്രോൾ റൂം വാഹനങ്ങളും, കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംഭവ സ്ഥലത്ത് പാഞ്ഞെത്തി. കലാപം അമർച്ച ചെയ്യാൻ കൂടുതൽ സേനാംഗങ്ങളെ ആവശ്യപ്പെട്ടുകൊണ്ടുള്ള കൊല്ലം എസിപിയുടേയും, സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപിയുടേയും സന്ദേശം ലഭിച്ച് നിമിഷങ്ങൾക്കുള്ളിൽ ദൃുത കർമ്മ സേനയും, സായുധ സേനാംഗങ്ങളും സംഭവ സ്ഥലത്ത് എത്തിച്ചേർന്നു. ഇതേ സമയം സിറ്റി സ്പെഷ്യൽ ബ്രാഞ്ച്  ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം കൊല്ലം വെസ്റ്റ്, പള്ളിത്തോട്ടം, ഇരവിപുരം, പരവൂർ എന്നീ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംഭവ സ്ഥലത്ത് എത്തിച്ചേർന്നു. പോലീസിനെ കണ്ട് അക്രമികളിൽ ചിലർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർ സഞ്ചരിച്ച വാഹനങ്ങൾ കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, ഇരവിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ വച്ച് ഉടൻ തന്നെ പിടികൂടി. സംഘർഷം നിയന്ത്രണ വിധേയമാക്കാനും അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാനും പോലീസ് കണ്ണീർവാതകങ്ങളും, ഗ്രനേഡുകളും പ്രയോഗിച്ചു. ജില്ലാ പോലീസ് മേധാവിയുടേയും സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി യുടേയും മാത്രം അറിവോടെ നടന്ന  പരിശീലന പരിപാടി ആയതിനാൽ പോലീസ് ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും ഒരുപോലെ കൌതുകവും ആശങ്കയും നിറഞ്ഞതായിരുന്നു മോക്ക്  ഡ്രിൽ. 


സാമുദായിക സംഘർഷം ഉണ്ടാവുന്ന സാഹചര്യങ്ങളിൽ അവയെ എങ്ങനെ നേരിടാമെന്നും എപ്രകാരം എത്രയും വേഗത്തിൽ അക്രമികളെ പിടികൂടാമെന്നും ഉള്ള പരിശീലനം നൽകുന്നതായിരുന്നു ഈ മോക്ക് ഡ്രിൽ എന്നും, ഇത്തരം അനിഷ്ട സംഭവങ്ങൾ നാട്ടിൽ ഉണ്ടാവാതിരിക്കാൻ പോലീസ് എപ്പോഴും ജാഗ്രത പുലർത്തണമെന്നും സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് അഭിപ്രായപ്പെട്ടു.

No comments:

Post a Comment