Breaking

Tuesday, 26 July 2022

കൊല്ലം അഷ്ടമുടി ആശുപത്രിയിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ഹൃദയാഘാതമെന്ന് ആശുപത്രി


കൊല്ലം: അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. മൈലക്കാട് സ്വദേശി ഹര്‍ഷയാണ് അഷ്ടമുടി ആശുപത്രിയില്‍ മരിച്ചത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് മരിച്ച പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. എന്നാൽ പ്രസവസമയത്ത് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് അഷ്ടമുടി ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കഴിഞ്ഞദിവസമാണ് മൈലക്കാട് സ്വദേശിയായ വിപിൻ്റെ ഭാര്യ ഹര്‍ഷയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായി. ഹര്‍ഷയെ പിന്നീട് എന്‍എസ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഹര്‍ഷയുടെ കുഞ്ഞ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. ചികിത്സാ പിഴവ് ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും ചികിത്സാകാര്യങ്ങള്‍ക്ക് യുവതിയുടെ ബന്ധുക്കള്‍ സാക്ഷികളാണെന്നും അഷ്ടമുടി ആശുപത്രിയുടെ വിശദീകരണം. അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം മൂലമുണ്ടാകുന്ന ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി ഡയറക്ടര്‍ ജേക്കബ് ജോണ്‍ പറഞ്ഞു.

No comments:

Post a Comment