അബുദാബി: വാട്സ്ആപ്, സ്കൈപ് പ്ലാറ്റ് ഫോമുകളിലൂടെള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത വോയ്സ് കോള്‍ സൗകര്യം യുഎഇയില്‍ അനുവദിക്കണമെന്ന് ആവശ്യം. യുഎഇയിലെ പ്രമുഖ വ്യാപാരിയും അല്‍ ഹത്‍ബൂര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഖലാഫ് അല്‍ ഹബ്തൂറാണ് ടെലികോം കമ്പനികളോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
വാര്‍ത്താവിനിമയ രംഗത്തുള്‍പ്പെടെ എല്ലാ രംഗത്തും ലോകത്ത് ഒന്നാമതെത്താന്‍ ശ്രമിക്കുന്ന യുഎഇ ഇന്റര്‍നെറ്റ് കോളുകളും അനുവദിക്കണമെന്ന് അദ്ദേഹം ഇത്തിസാലാത്ത്, ഡൂ കമ്പനികളോട് ആവശ്യപ്പെട്ടു. സൗജന്യമായി ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇത്തരം സൗകര്യങ്ങള്‍ എന്റെ രാജ്യത്തൊഴികെ ലോകത്ത് എല്ലായിടത്തും ലഭ്യമാണ്. ഇവിടെ കമ്പനികള്‍ അത് തടസ്സപ്പെടുത്തുന്നു. ടെലികോം കമ്പനികളുടെ മാനേജ്മെന്റും ഡയറക്ടര്‍മാരും പുനര്‍വിചിന്തനം നടത്തണമെന്നും ജനങ്ങള്‍ക്കായി ഇത്തരം സേവനങ്ങള്‍ തുറന്നുകൊടുക്കണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ കോളിങ് സംവിധാനങ്ങള്‍ യുഎഇയില്‍ ടെലികോം കമ്പനികള്‍ അനുവദിച്ചിട്ടില്ല. പകരം കമ്പനികള്‍ നല്‍കുന്ന പ്ലാറ്റ്ഫോമുകളേ ഉപയോഗിക്കാനാവൂ. സ്കൈപിനും ഫേസ്ടൈമിനും ഉള്ള വിലക്ക് നീക്കുന്നത് സംബന്ധിച്ച് യുഎഇ ടെലികോം അധികൃതര്‍ മൈക്രോസോഫ്റ്റുമായും ആപ്പിളുമായും ചര്‍ച്ചകള്‍ നടത്തുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
No comments:
Post a Comment