ദില്ലി: അത്യാധുനിക എയര്‍ ടാക്‌സി സേവനം ഇന്ത്യയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യൂബറിന്റെ അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. യൂബറിന്റെ വൈമാനികയാത്രാ വിഭാഗം മേധാവി എറിക് അലിസണ്‍, നിര്‍മാണ വിഭാഗം മേധാവി നിഖില്‍ ഗോയല്‍ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
മഹാനഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിടുന്ന പറക്കും ടാക്സികളാണ് 'യൂബ എയര്‍'. 2020ഓടെ പരീക്ഷണാടിസ്ഥാനത്തിലും 2023ല്‍ വാണിജ്യാടിസ്ഥാനത്തിൽ മൂന്ന് രാജ്യങ്ങളിലായി എയര്‍ ടാക്‌സി സേവനങ്ങള്‍ തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി നേരത്തെ അറിയിച്ചിരുന്നു. പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചിരുന്നു. ഇതേത്തുടർന്നാണ് കമ്പനി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താൻ തീരുമാനിച്ചത്.
യൂബ എയര്‍ രാജ്യത്തെ സമ്പദ്ഘടന പരിപോഷിപ്പിക്കുന്നതിനായി എങ്ങനെയാണ് സഹായിക്കുന്നതെന്ന് സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്. സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി ഇന്ത്യയിൽ നടപ്പിൽ വരുത്തുന്നതിന് യൂബര്‍ പ്രതിജ്ഞാബദ്ധമാണ്. മോദിയേപ്പോലെ ദീര്‍ഘദര്‍ശിയായ നേതാവിനെ കണ്ട് എയര്‍ ടാക്സിയെ കുറിച്ച് സംസാരിക്കാൻ കഴിഞ്ഞത് വളരെയധികം പ്രചോദനം നല്‍കുന്ന കാര്യമാണെന്നും അലിസണ്‍ പറഞ്ഞു.
അമേരിക്കയിലെ ഡാലസ്, ലോസ്ആഞ്ചലിസ് എന്നീ നഗരങ്ങളിലാണ് യൂബറിന്റെ എയര്‍ ടാക്‌സികള്‍ ആദ്യം അവതരിപ്പിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുകള്‍ നേരിടുന്ന നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബംഗളുരു എന്നീ നഗരങ്ങളിൽ എയര്‍ ടാക്‌സി അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വ്യേമയാന മന്ത്രാലയം, മറ്റ് മന്ത്രിമാർ, ഉദ്യോഗസ്ഥർ, നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കമ്പനി അറിയിച്ചു.
No comments:
Post a Comment