Breaking

Thursday, 4 August 2022

കല്ലമ്പലം നവായികുളത്ത് ഗാർഹിക പീഡനം; വീട്ടമ്മ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു, ഭർത്താവ് അറസ്റ്റിൽ.


കല്ലമ്പലം : വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ഭർത്താവിനെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 


നാവായിക്കുളം ഡീസന്റ്മുക്ക് പറണ്ടയിൽ പൊയ്കവിള വീട്ടിൽ ഷീജ (42) യാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. സ്ഥിരമായി മദ്യപിക്കുന്ന ഭർത്താവ് ഹാഷിം (46) ഷീജയെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവദിവസം ഉച്ചയോടെ ഹാഷിം മദ്യപിച്ച് വീട്ടിലെത്തി വിദേശത്ത് പോകുന്നതിനായി കരുതിയിരുന്ന 10000 രൂപയിൽ നിന്ന് വീണ്ടും മദ്യപിക്കാനായി പൈസ ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് മാതാവ് പറകുന്ന് സ്വദേശി സുബൈദാബീവിയും ബന്ധുക്കളും ആരോപിച്ചു.


 വിദേശത്തായിരുന്ന ഹാഷിം രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. വരുന്ന 12 ന് തിരികെ വിദേശത്തേക്ക് പോകേണ്ടതായിരുന്നു. 8 ദിവസം മുൻപാണ് ഇവരുടെ മൂത്തമകൻ ആഷിക് ദുബായിൽ പോയത്. ഇളയ മകൻ അജ്മൽ മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. മകന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ കയർ അറുത്തിട്ട് ജീവന്റെ തുടുപ്പുള്ള ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം ഇന്നലെ വൈകിട്ടോടെ ഡീസന്റ്മുക്ക് മുസ്ലീം ജമാഅത്തിൽ സംസ്ക്കരിച്ചു. 


വർക്കല ഡി.വൈ.എസ്.പി നിയാസ്.പി യുടെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം നടത്തുകയും ഇവരുടെ മകൻ അജ്മലിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ്‌ ഹാഷിമിനെ കസ്റ്റഡിയിലെടുത്തത്.

No comments:

Post a Comment