Breaking

Saturday, 4 August 2018

റെനോ ക്വിഡിന്റെ പുതിയ മോഡല്‍ വിപണിയില്‍

മാരുതി ആള്‍ട്ടോ ആധിപത്യം പുലര്‍ത്തുന്ന ചെറുഹാച്ച്ബാക്ക് വിപണിയില്‍ മികച്ച വിജയം സ്വന്തമാക്കിയ റെനോ ക്വിഡിന്റെ 2018 മോഡല്‍ വിപണിയിലെത്തി. കൂടുതല്‍ ഫീച്ചറുകളുള്ള പുതിയ മോഡലിന് വില കമ്പനി വര്‍ധിപ്പിച്ചിട്ടില്ല. എക്സ്‍ഷോറൂം വില 2.79 രൂപയില്‍ ആരംഭിക്കുന്നു.

ബാഹ്യരൂപത്തില്‍ ചില്ലറ മാറ്റങ്ങളേയുള്ളൂ ,പുതിയ മോഡലിന്. പുതിയ ക്രോം ഗ്രില്ലാണ് പ്രധാന സവിശേഷത. റേസര്‍ എഡ്ജ് ഗ്രില്‍ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. റിയര്‍ എമര്‍ജന്‍സി ലോക്കിങ് റിട്രാക്ടര്‍ പുതിയ ക്വിഡിനുണ്ട്. റിയര്‍സീറ്റ് ബെല്‍റ്റ് ഉള്ളിലേയ്ക്ക് വലിയുന്ന സംവിധാനം ഇല്ലാത്തത് പഴയ ക്വിഡിന്റെ പ്രധാന പോരായ്മയായിരുന്നു.  


ആര്‍എക്സ്‍ടി ഓപ്ഷന്‍ , ക്ലൈംബര്‍ വകഭേദങ്ങള്‍ക്ക് റിയര്‍ ക്യാമറ പുതുതായി നല്‍കി. കനത്ത ട്രാഫിക്കില്‍ ചെറിയ വേഗത്തില്‍ നീങ്ങാനും കയറ്റത്തില്‍ നിര്‍ത്തി എടുക്കുമ്പോള്‍ വണ്ടി പിന്നിലേയ്ക്ക് ഉരുളുന്നതു തടയാനും ട്രാഫിക് അസിസ്റ്റ് എന്ന പുതിയ സംവിധാനം എഎംടി വകഭേദങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ആര്‍ എക്സ്‍എല്‍ വകഭേദത്തിന് ഫ്രണ്ട് പവര്‍ വിന്‍ഡോ , റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് എന്നിവ പുതുതായി ലഭിച്ചു. ആര്‍എക്സ്‍ടി ഓപ്ഷന്‍ വകഭേദത്തിന് 12 വോള്‍ട്ട് പവര്‍ സോക്കറ്റും ക്രോം അലങ്കാരമുള്ള ഗീയര്‍നോബും നല്‍കി.

എന്‍ജിന്‍ ഘടകങ്ങള്‍ പഴയതുപോലെ തന്നെ. 799 സിസി, മൂന്ന് സിലിണ്ടര്‍ ( 53 ബിഎച്ച്പി-72 എന്‍എം), 999 സിസി, മൂന്ന് സിലിണ്ടര്‍ ( 67ബിഎച്ച്പി- 91എന്‍എം) പെട്രോള്‍ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന വകഭേദങ്ങളാണ് ക്വിഡിനുള്ളത്. അഞ്ച് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ ബോക്സ്. ഒരു ലീറ്റര്‍ എന്‍ജിനുള്ള ക്വിഡിന് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ( എഎംടി) ലഭ്യമാണ്.


ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോ 2014 സെപ്റ്റംബറിലാണ് ക്വിഡിനെ ഇന്ത്യന്‍ വിപണിയില്‍ അതരിപ്പിച്ചത്. ഇതിനോടകം രണ്ടര ലക്ഷം ക്വിഡ് കാറുകള്‍ നിരത്തലിറങ്ങിയിട്ടുണ്ട്.

കൊച്ചി എക്സ്‍ഷോറൂം വില
800 സിസി ക്വിഡ്
സ്റ്റാന്‍ഡേര്‍ഡ് -2.79 ലക്ഷം രൂപ
ആര്‍എക്സ്‍ഇ - 3.22 ലക്ഷം രൂപ
ആര്‍എക്സ്‍എല്‍ -3.48 ലക്ഷം രൂപ
ആര്‍എക്സ്‍ടി (ഒ) -3.93 ലക്ഷം രൂപ
ഒരു ലീറ്റര്‍ ക്വിഡ്
ആര്‍എക്സ്ടി (ഒ) മാന്വല്‍ - 4.15 ലക്ഷം രൂപ
ആര്‍എക്സ്ടി(ഒ) എഎംടി- 4.45 ലക്ഷം രൂപ
ക്വിഡ് ക്ലൈംബര്‍
എംടി -4.40 ലക്ഷം രൂപ
എഎംടി -4.70 ലക്ഷം രൂപ.

No comments:

Post a Comment