Breaking

Sunday, 7 August 2022

തിരുവനന്തപുരത്ത് വയോധിക കിണറ്റിൽ മരിച്ച നിലയിൽ


തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന 60 വയസുള്ള മനോരമയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്. പശ്ചിമ ബംഗാൾ സ്വദേശി ആദം അലിയെയും കാണാനില്ല. ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. മനോരമയുടെ വീട്ടിൽ നിന്ന് 60,000 രൂപയും കാണാതെ പോയിരിന്നു. കെട്ടിടം പണിക്കായി ബംഗാളിൽ നിന്ന് വന്ന തൊഴിലാളിയാണ് ആദം അലി. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.


മനോരമയെ വൈകീട്ട് നാല് മണി മുതലാണ് കാണാതായത്. ഇവരുടെ വീടിന്റെ തൊട്ടടുത്ത വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. മനോരമയെ കാണാതായതിനൊപ്പം ഇതര സംസ്ഥാന തൊഴിലാളികളുടെ ഒപ്പമുണ്ടായിരുന്ന ആദം അലിയെയും കാണാതായെന്ന് വ്യക്തമായി. ഇയാൾക്കൊപ്പം കഴിഞ്ഞിരുന്ന മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ആദം അലി സ്ഥിരമായി ഒരു മൊബൈൽ നമ്പർ ഉപയോഗിക്കുന്നയാളല്ലെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. ഇയാൾ അടിക്കടി സിം നമ്പറുകളും ഫോണുകളും മാറ്റുന്നയാളാണ്. വൈകീട്ട് വലിയ ശബ്ദം കേട്ടതായി സമീപത്തുള്ളവർ പറഞ്ഞു. മനോരമയും ഭർത്താവുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. ഭർത്താവ് വർക്കലയിലെ മകളെ കാണാൻ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് പണവും കാണാതായെന്ന് കണ്ടെത്തിയത്.


തുടക്കം മുതലേ മനോരമയുടെ വീടിന് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് സംശയം നീണ്ടിരുന്നു. ആദം അലി അടക്കമുള്ള നാല് പേർ കുറച്ച് ദിവസം മുൻപാണ് ഇവിടെയെത്തിയത്. മനോരമയുടെ വീട്ടിലേക്ക് ആദം അലി താമസിച്ച വീട്ടിൽ നിന്ന് എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയുമായിരുന്നു. ഇതാണ് ഇവർക്കെതിരെ സംശയം നീളാനുണ്ടായ കാരണം. തലസ്ഥാന നഗരത്തിന്റെ ഹൃദയ ഭാഗത്താണ് കൊലപാതകം നടന്നത്.

No comments:

Post a Comment